രാമം ദശരഥം വിദ്ധി

രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവിം വിദ്ധി
ഗച്ഛ താത യഥാസുഖം
വാല്മീകി രാമായണം 

രാമനെ ദശരഥനായിട്ടും, സീതയെ ഞാൻ ആയിട്ടും, കാടിനെ അയോദ്ധ്യയായിട്ടും കണക്കാക്കുക. മകനേ, സുഖമായി പോയി വരൂ.

വനവാസത്തിനായി കാട്ടിലേക്ക് പുറപ്പെട്ട ലക്ഷ്മണന് അമ്മ സുമിത്ര നൽകിയ യാത്രാമൊഴിയാണ് ഇത് . രാമായണത്തിലെ ഏറ്റവും ഉദാത്തമായ ശ്ലോകമാണ് ഇത് എന്നാണ് പണ്ഡിത മതം.

ഈ ശ്ലോകത്തിന് വരരുചിയുമായി ബന്ധപ്പെട്ട് ഒരു കഥ ഉണ്ട്. വിക്രമാദിത്യസദസ്സിൽ രാമായണത്തിലെ ഏറ്റവും നല്ല ശ്ലോകം ഏത് എന്ന് ചർച്ച നടന്നു. ആസ്ഥാനകവിയായ വരരുചിയോട് 41 ദിവസത്തിനുള്ളിൽ കണ്ടു പിടിച്ചു വരാൻ കല്പനയായി. പല പണ്ഡിത സദസ്സുകളിൽ അന്വേഷിച്ചിട്ടും ആർക്കും തീർത്തു പറയാനായില്ല. അവസാനം നാൽപ്പതാം ദിവസം രാത്രി ഹതാശനായി ഒരു മരച്ചുവട്ടിൽ ഉറക്കം വരാതെ കിടക്കുമ്പോൾ, ആ മരത്തിന്മേൽ ഉള്ള പക്ഷികൾ ഇങ്ങിനെ സംസാരിക്കുന്നതു കേട്ടു: “ആരാണ് താഴെ കിടക്കുന്നത് ?” …. ” രാമം ദശരഥം വിദ്ധി എന്ന് തുടങ്ങുന്ന ശ്ലോകംമാണ് രാമായണത്തിലെ ഏറ്റവും നല്ല ശ്ലോകം എന്ന് ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു പാവം ബ്രാഹ്മണൻ ആണ്” …..” പറയ ഗൃഹത്തിൽ ഇന്ന് പിറന്ന ഒരു പെൺകുട്ടി ആയിരിക്കും അദ്ദേഹത്തിന്റെ പത്നി” .

താൻ അന്വേഷിച്ച ഉത്തരം കിട്ടിയതിൽ വരരുചി സന്തോഷിച്ചു. പിറ്റേ ദിവസം രാജസദസ്സിൽ പ്രസ്തുത ശ്ലോകം അവതരിപ്പിച്ചു. എല്ലാവർക്കും സ്വീകാര്യമായിരുന്നു ആ ഉത്തരം. രാജാവ് ധാരാളം പാരിതോഷികങ്ങൾ നൽകി ആദരിച്ചു.

പക്ഷികൾ പറഞ്ഞ അവസാന ഭാഗം വരരുചിയെ വിഷമിപ്പിച്ചിരുന്നു. ആ കാര്യം രാജാവിനോട് പറയുകയൂം ചെയ്തു. അങ്ങിനെ വരാതിരിക്കാൻ തലേന്ന് പറയ ഗ്രഹത്തിൽ ജനിച്ച പെൺകുട്ടിയെ രാജാവ് അന്വേഷിച്ചു കണ്ടെത്തി. ആ കുട്ടിയെ പുഴയിൽ ഒഴുക്കി കളയുവാൻ ഉത്തരവായി. ഉത്തരവ് നടപ്പാക്കുകയും ചെയ്തു.

കുറേ കാലങ്ങൾക്കു ശേഷം വരരുചി യാത്രാമധ്യേ ഒരു പാവം ബ്രാഹ്മണകുടുംബത്തിൽ ഭക്ഷണത്തിനായി എത്തിച്ചേർന്നു. ഭക്ഷണ നിഷ്ഠകൾ വളരെ ബുദ്ധിപൂർവം കൈകാര്യം ചെയ്ത അവിടത്തെ പെൺകുട്ടിയെ വരരുചി വിവാഹം കഴിച്ചു. പിന്നീടാണ് അറിഞ്ഞത് ആ പെൺകുട്ടി ബ്രാഹ്മണ ദമ്പതികൾക്ക് പുഴയിലൂടെ ഒഴുകി വന്നു കിട്ടിയതാണ് എന്ന്. അന്ന് പറയ ദമ്പതികൾ രാജകല്പന പ്രകാരം പുഴയിൽ ഒഴുക്കിയ പെൺകുട്ടി. വിധി എന്നത് രാജകല്പന കൊണ്ട് തിരുത്താനാവില്ല എന്ന് പണ്ഡിതശ്രേഷ്ഠനായ വരരുചിക്ക് മനസ്സിലാക്കാനും, അതിനെ സ്വീകരിക്കാനും വിഷമം ഉണ്ടായില്ല.

വരരുചിയും പത്നിയും കൂടി തീർത്ഥയാത്ര ചെയ്‌ത്‌ പറയി പെറ്റ പന്തിരുകുലം എന്നറിയപ്പെടുന്ന 12 സാമുദായിക നായകന്മാർക്കു യഥാകാലം ജന്മം നൽകി.

തുഞ്ചത്തെഴുത്തച്ഛന്റെ ശ്ലോക പരിഭാഷ ഇങ്ങനെ:

രാമനെ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചുകൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചുകൊൾ
പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെങ്കിൽ സുഖമായ് വരിക തേ