അജിതാ ഹരേ! ജയ മാധവ! വിഷ്ണോ!
അജമുഖദേവനത!
വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നു
സുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം
പലദിനമായി ഞാനും ബലഭദ്രാനുജാ! നിന്നെ
നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീലനീരദവർണ്ണ! മൃദുലകമലരുചിരനയന! നൃഹരേ!
അദ്യാപി ഭവൽകൃപാ വിദ്യോതമാനമാകും
പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം
ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ
ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ
മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ
വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം
യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന
മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന !
================================
ചൈദ്യാരി=ചേദിരാജാവിന്റെ, ശിശുപാലന്റെ ശത്രുഅരുണസഹജകേതനാ=അരുണന്റെ സഹോദരൻ, ഗരുഡൻ കൊടിയടയാളമായുള്ളവനേ